മൂഴിയാർ: ഗവിയെ നടുക്കിയ കൊലക്കേസ് പ്രതിയുമായി ഗവി - മീനാർ, വണ്ടിപ്പെരിയാർ സ്ഥലങ്ങളിൽ പോലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 18നാണ് ഗവി മീനാർ ഭാഗത്തെ അങ്കണവാടി ജീവനക്കാരിയായ യുവതിയെ കാടിനുള്ളിലെ നീർച്ചാലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഴിയാർ നാൽപ്പതേക്കറിൽ വിനോദ് കുമാറിനെ (42) അറസ്റ്റ് ചെയ്തിരുന്നു.
ഇയാൾ കുറ്റം സമ്മതിച്ചതോടെ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ മൂഴിയാർ പോലീസ് അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പിനെത്തിച്ചത്.
കൊല്ലപ്പെട്ട സ്ത്രീയുടെ ശരീരത്തിലെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും ബാഗ് കുട എന്നിവയും നഷ്ടപ്പെട്ടിട്ടുള്ളതായി ബന്ധുക്കൾ പറഞ്ഞിരുന്നു. ഇവ കണ്ടെത്തുന്നതിനും കൊലപാതകം നടത്തിയ രീതിയെക്കുറിച്ച് പ്രതിയിൽ നിന്ന് തന്നെ തെളിവുകൾ ശേഖരിക്കുന്നതിനുമായാണ് കൃത്യം നടന്ന സ്ഥലത്തേക്ക് മൂഴിയാർ പോലീസ് ഇയാളെ എത്തിച്ചത്.
മൂഴിയാർ പോലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്ന ആങ്ങമൂഴിയിൽ നിന്ന് ഗവി മീനാർ വഴി കൊലപാതകം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുക അത്യന്തം ദുഷ്കരമായതിനാൽ പ്രതിയുമായി പോലീസ് സംഘം മുണ്ടക്കയം കുട്ടിക്കാനം വണ്ടിപ്പെരിയാർ വഴിയാണ് സഞ്ചരിച്ചത്.
പ്രതിക്കെതിരേ നാട്ടുകാർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുവാൻ സാധ്യതയുള്ളതിനാൽ കോന്നി ഡിവൈഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തിൽ മൂന്ന് ഡിവൈഎസ്പിമാർ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് വനമേഖലയിലേക്ക് പ്രവേശിക്കുന്ന മൂന്നിടങ്ങളിൽ കർശനമായ സുരക്ഷ ഒരുക്കി. നാട്ടുകാരിൽ നിന്ന് പ്രകോപനമോ വന്യമൃഗങ്ങളിൽ നിന്ന് പ്രതിക്ക് ആക്രമണമോ ഉണ്ടായാൽ തടയുന്നതിനായി തണ്ണിത്തോട് ചിറ്റാർ മൂഴിയാർ പോലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ 20 അംഗ പോലീസ് സംഘമാണ് തെളിവെടുപ്പിനായി പ്രതിയുമൊത്ത് വനത്തിലേക്ക് പോയത്.
മഴയത്ത് ഏഴ് കിലോമീറ്ററോളം വനത്തിലൂടെയും നീർച്ചാലുകളിലൂടെയും കാൽനടയായി സഞ്ചരിച്ച് പ്രതിയുമായി അന്വേഷണസംഘം സംഭവം നടന്ന സ്ഥലത്ത് എത്തി. തുടർന്ന് കൊലപാതകം നടത്തിയ ശേഷം ഇരയുടെ ശരീരത്തിൽ നിന്ന് കവർന്ന സ്വർണ വള, കമ്മൽ, മൊബൈൽ ഫോൺ കുട എന്നിവ വിനോദ് കുമാർ പോലീസിന് കാട്ടി കൊടുത്തു. കൊലപാതകം നടന്ന സ്ഥലത്തിന് ഏകദേശം ഒന്നര കിലോമീറ്റർ അകലെ ഒരു മരപ്പൊത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ഇരയുടെ കൈയിൽ ഉണ്ടായിരുന്ന ബാഗിൽ ആയിരുന്നു ഇവ ഒളിപ്പിച്ചിരുന്നത്.
യാതൊരു ഭാവഭേദവും മടിയും കൂടാതെ കൊലപാതകം നടത്തിയ രീതിയും കവർന്ന മുതലുകൾ ഒളിപ്പിച്ച സ്ഥലവും ഇയാൾ പോലീസിന് കാണിച്ചു കൊടുത്തു. പ്രതിയെ തെളിവെടുപ്പിനായി എത്തിക്കുന്നതറിഞ്ഞ് നൂറുകണക്കിന് പ്രദേശവാസികൾ പലസ്ഥലങ്ങളിലായി തടിച്ചു കൂടിയിരുന്നു. പല സമയത്തും ജനങ്ങൾ രോഷാകുലരായി. സ്ഥലത്തുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുരക്ഷ ഒരുക്കി.
കോന്നി ഡിവൈഎസ്പി എം. എം. ജോസ് , മൂഴിയാർ ഇൻസ്പെക്ടർ എസ്എച്ച്ഒ ആർ. പ്രകാശ്, എസ്ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.കൂടുതൽ തെളിവെടുപ്പുകൾക്കുശേഷം നാളെ പ്രതിയെ തിരികെ കോടതിയിൽ ഹാജരാക്കുമെന്നും ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.